മേക്കപ്പ്മാന് മേക്കപ്പിട്ട് പ്രണവ്, പ്രണവിനെ കുറിച്ച് എന്ത് പറഞ്ഞാലും തള്ളായിട്ട് ആളുകള്‍ക്ക് തോന്നാം, അതിന് പിന്നില്‍ ഇതാണ് കാരണം; വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസന്‍

നടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വേണ്ടി എന്നും ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആരാധകരുടെ പള്‍സ് അറിഞ്ഞ് സിനിമ ഒരുക്കാന്‍ കഴിവുള്ള താരമാണ് വിനീത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ ജേക്കബ്ബിന്റെ സ്വര്‍ഗ രാജ്യം വരെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രണവ് മോഹന്‍ ലാലിനെ നായകനാക്കിയാണ് വിനീത് പുതിയ ചിത്രം ഒരുക്കുന്നത്. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ക്യാമ്പസ് പ്രണയ കഥയാണ് പറയുന്നത് എന്നാണ് സൂചന. തട്ടത്തിന്‍ മറയത്തിന് ശേഷം വീണ്ടുമൊരു പ്രണയ കഥയുമായി വിനീത് എത്തുമ്പോള്‍ ആരാധകര്‍ വന്‍ പ്രതീക്ഷയുണ്ട്.

പ്രഖ്യാപനം മുതല്‍ ചിത്രം ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയത്. ദര്‍ശന എന്ന ഗാനത്തിന്റെ വീഡിയോയായിരുന്നു പുറത്ത് എത്തിയത്. വന്‍വരവേല്‍പ്പായിരുന്നു ഈ ഗാനത്തിന് ആരാധകരില്‍ നിന്നും ലഭിച്ചത്. സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ഈ ഗാനമാണ്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം നടന്നിരുന്നു.

വിനീത് ശ്രീനിവാസനും നായിക ദര്‍ശനയും ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹേഷം എന്നിവരായിരുന്നു അഭിമുഖത്തില്‍ പങ്കെടുത്തത്. ആര്‍ജെ മാത്തുക്കുട്ടിയായിരുന്നു ഇവരെ അഭിമുഖം ചെയ്തത്. അഭിമുഖത്തിനിടെ ചിത്രത്തിലെ നായകന്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ ലാളിത്യത്തെ കുറിച്ചാണ് വിനീത് പറഞ്ഞത്. അപ്പുവിനെ (പ്രണവ് മോഹന്‍ലാല്‍) കുറിച്ച് എന്ത് പറഞ്ഞാലും തള്ളാണ് എന്ന് ആളുകള്‍ പറയും, അത്രയും ലാളിത്യം നിറഞ്ഞയാളാണ് പ്രണവ് എന്നാണ് വിനീത് പറയുന്നത്. കാരണം പ്രണവ് മോഹന്‍ലാലിന് ഇങ്ങനെയൊക്കെ ആകാനാകുമോയെന്ന് ആള്‍ക്കാര്‍ക്ക് വിശ്വസിക്കാനാകില്ല. അതുകൊണ്ടാണ് പ്രണവിനെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് തള്ളായി തോന്നുന്നത് എന്നും വിനീത് പറഞ്ഞു.

അപ്പുവിനെ എവിടെയും കാണാനാകില്ലല്ലോ. എവിടെയും വരുന്നില്ല. എന്നാല്‍ എവിടെയും കാണാന്‍ പറ്റുന്ന ഒരാളുമാണ് അപ്പു. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല പ്രണവ്. ചിലപ്പോള്‍ നമ്മള്‍ ഏതേങ്കിലും ഒരു ഗ്രാമത്തില്‍ കോരിചൊരിയുന്ന മഴയത്ത് ഒരു ചായക്കടയില്‍ കയറിയാല്‍ അവിടെ പ്രണവ് ഇരിക്കുന്നുണ്ടാകാം.

അത്രയും അണ്‍ അസ്യൂമിങ് ആയിട്ടുള്ള ആളാണ്. പക്ഷേ ആളുകള്‍ക്ക് അപ്പുവിനെ കുറിച്ച് അറിയാത്തതുകൊണ്ട് അപ്പുവിന് പറ്റി എന്തുപറഞ്ഞാലും തള്ളാണെന്ന് പറയും എന്നാണ് വിനീത് പറയുന്നത്.അപ്പുവിന്റെ മേയ്ക്ക്മാന്‍ ഉണ്ണി ഹൃദയത്തിലെ ഒരു സീനില്‍ അഭിനയിക്കുന്നുണ്ട്. മേയ്ക്കപ്പ്മാനായ ഉണ്ണിക്ക് മേയ്ക്കപ്പ് ചെയ്തത് അപ്പുവാണെന്നും വിനീത് പറയുന്നു.

ജീവിതം അനുഭവിച്ചയാളാണ്. ഒരുപാട് യാത്ര ചെയ്തതുകൊണ്ട് ആള്‍ക്കാരോടു ഇടപെട്ടതു കൊണ്ട്, ജീവിച്ചു ശീലിച്ചതുകൊണ്ടാണ് അവന്‍ അങ്ങനെ. അതുകൊണ്ടാണ് അവനോട് എല്ലാവര്‍ക്കും കൗതുകമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.