പൃഥിരാജിനും ആന്റണി പെരുമ്പാവൂരിനും വിലക്ക്; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിത്

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയത്. മോഹന്‍ലാല്‍ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ദൃശ്യം 2, പൃഥിരാജ് ചിത്രം ഭ്രമം തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒടിടിയിലൂടെ എത്തിയിരുന്നു.

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ നാളെ മുതല്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂറിനെയും തിയറ്റര്‍ ഉടമകള്‍ വിലക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

തിയറ്ററുകള്‍ക്ക് പൂട്ടുവീണതോടെ ഒടിടി പ്ലാറ്റഫോമില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തവര്‍ക്ക് തിയറ്റര്‍ സംഘടന വിലക്ക് ഏര്‍പ്പെടുത്തുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) സെക്രട്ടറി എം.സി. ബോബി അറിയിച്ചിരിക്കുന്നത്.

ഈ വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും പൃഥ്വിരാജും ജോജു ജോര്‍ജും പ്രധാനകഥാപാത്രങ്ങളാകുന്ന ‘സ്റ്റാര്‍’ എന്ന ചിത്രം ഒക്ടോബര്‍ 29നു തന്നെ തീയറ്ററുകളില്‍ എത്തും എന്നും അദ്ദേഹം പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ മൂന്നു പടം ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി തന്നെ എടുത്തതാണ്. അദ്ദേഹത്തിന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണം, മറ്റു പല ചെലവും ഉണ്ടാകും അതുകൊണ്ടായിരിക്കണം അദ്ദേഹം ഒടിടിയിലേക്ക് എന്ന് പറഞ്ഞു തന്നെ മൂന്നു പടം എടുത്തത്. അതില്‍ കുറ്റപ്പെടുത്താന്‍ ഞങ്ങളില്ല.

അദ്ദേഹത്തിന്റെ ‘മരക്കാര്‍’ എന്ന പടം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമാ തിയറ്ററുകള്‍ തുറന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ തിയറ്ററിലേക്കുള്ള പടം മാത്രമേ എടുക്കൂ എന്നാണു നിര്‍മ്മാതാക്കള്‍ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.’ ആരെയും ബഹിഷ്‌കരിക്കുന്ന രീതിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ബോബി അറിയിച്ചു.