സിനിമ പ്രേക്ഷകര്‍ മാസങ്ങളായി കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഒടുവില്‍ എത്തി

കൊവിഡ് പ്രതിസന്ധിയില്‍ പൂര്‍ണ്ണമായും നിശ്ചലമായി പോയ മേഖലയായിരുന്നു തീയറ്റര്‍ മേഖല. കൊവിഡ് ഒന്നാം ഘട്ടത്തിന് പിന്നാലെ തീയറ്ററുകള്‍ പതിയെ തുറന്ന് വന്നെങ്കിലും ഉടനെ തന്നെ രണ്ടാം ഘട്ടം എത്തിയതോടെ പൂര്‍ണ്ണമായും അടയ്ക്കുകയായിരുന്നു.

കഴിഞ്ഞ ആറ് മാസത്തോളമായി തീയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. തീയറ്റര്‍ മേഖല തൊഴിലാളികള്‍ വലിയ ദുരിതത്തിലൂടെയായിരുന്നു കടന്നു പോയിരുന്നത്. തീയറ്ററിലെ കരഘോഷങ്ങളോടെ സിനിമ കാണണമെന്ന സിനിമ പ്രേമികളുടെ ആഗ്രഹവും നീണ്ടു പോയി.

എന്നാല്‍ സിനിമ പ്രേമികള്‍ മാസങ്ങളായി കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ എത്തിയിരിക്കുകയാണ്.കേരളത്തിലെ സിനിമാ തീയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീയേറ്ററുകള്‍ തിങ്കളാഴ്ച്ച തന്നെ തുറക്കാന്‍ തീരുമാനമായത്.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്ന പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ചില ഇളവുകള്‍ വേണമെന്ന് സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ഇവര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയതോടെയാണ് ഒക്ടോബര്‍ 25 മുതല്‍ തീയറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്. വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തീയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്.

അതേസമയം ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും 2 ഡോസ് വാക്‌സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. നിലവില്‍ അന്‍പത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.