ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് സന്തോഷിന് സുരേഷ് ഗോപി വാക്ക് നല്‍കുന്നത്. തന്റെ അടുത്ത ചിത്രത്തില്‍ ഗാനം ആലപിക്കാനുള്ള അവസരം നല്‍കുമെന്നായിരുന്നു ആ വാക്ക്. പല രാഷ്ട്രീയക്കാരും പറയുന്നത് പോലെ വേറും ഒരു വാക്ക് മാത്രമാകും എന്നാണ് അത് കേട്ട പലരും വിചാരിച്ചത്.
എന്നാല്‍ സന്തോഷിന് അന്ന് നല്കിയ വാക്ക് പാലിച്ചിരിക്കുകയാണ് നടന് സുരേഷ് ഗോപി. സുരേഷ് ഗോപിയെ നായകനാക്കി നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ‘കാവലി’ലാണ് സന്തോഷിന് ഗാനം ആലപിക്കാനുള്ള അവസരം സുരേഷ് ഗോപി നല്‍കിയത്.
സന്തോഷ് ആലപിച്ച ഗാനം സുരേഷ് ഗോപി പുറത്തിറക്കി. കാര്‍മേഘം മൂടുന്നു എന്ന വിഷാദഭാവത്തിലുള്ള മെലഡിക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം രഞ്ജിന് രാജ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഒരിക്കല്‍ സുരേഷ് ഗോപി അവതരാകനായി എത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ സംഗീത എന്ന പെണ്‍കുട്ടി മത്സരിക്കാന്‍ എത്തിയിരുന്നു. അവിടെ വച്ചാണ് സംഗീതയുടെ ഭര്‍ത്താവ് സന്തോഷിനെ സുരേഷ് ഗോപി കാണുന്നത്. പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം ഗായകനാണെന്ന് മനസിലായി.
സംഗീതത്തിലൂടെ തന്റെ ശാരീരിക പരിമിതികളെ മറികടക്കുന്ന സന്തോഷിന് അടുത്ത ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കാമെന്ന് സുരേഷ് ഗോപി അവിടെ വച്ച് വാക്കു നല്‍കുകയായിരുന്നു.