അണ്ണാത്തെ റിലീസിനൊരുങ്ങി നില്‍ക്കുന്നതിനിടയില്‍ പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ച് സ്റ്റൈല്‍ മന്നന്‍; കാരണം തീയറ്ററുകളിലെ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയോ

സ്‌റ്റെല്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുകയും ചെയ്തിരിക്കുകയാണ്.

വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ആരാധകര്‍ നല്‍കുന്നത്. അതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച രജനികാന്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ദീപാവലി റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തുമ്പോള്‍ തീയറ്ററുകളിലെ സീറ്റിങ് കപ്പാസിറ്റി 100 ശതമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണോ പ്രധാനമന്ത്രിയെ കണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം ഇക്കാര്യത്തിന് വേണ്ടിയല്ല രജനികാന്തിന്റെ സന്ദര്‍ശനം എന്നാണ് ചില ആരാധകര്‍ പറയുന്നത്. ഇത്തവണത്തെ ദാദാ സാഹേബ് പുരസ്‌കാരത്തിന് അര്‍ഹനായത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തായിരുന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ രജനികാന്ത് അവാര്‍ഡ് സ്വീകരിച്ചിരുന്നു. ഇതിന് എത്തിയപ്പോള്‍ രാഷ്ട്രപതി വെങ്കയ്യനായിഡുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സന്ദര്‍ശിക്കുകയും ചിത്രം എടുക്കുകയും ചെയ്തിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ രജനി കാന്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കാണാന്‍ പറ്റിയതില്‍ താന്‍ സന്തോഷവാനായി, അവരില്‍ നിന്ന് അഭിനന്ദനം വാങ്ങാന്‍ സാധിച്ചുവെന്നും രജനികാന്ത് കുറിച്ചു. താരം പങ്കുവച്ച ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.