ന്യൂഡല്‍ഹി: 51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായത് സ്റ്റൈല്‍ മന്നന്‍ രജനികാന്തായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന വേദിയില്‍ വച്ച് രജനി ഇന്ന് ദാദാസാഹിബ് ഫാല്ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.
പുരസ്‌കാരം സ്വീകരിച്ച് രജനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാദാസാഹിബ് ഫാല്ക്കെ പുരസ്‌കാരം തന്റെ കൂട്ടുകാരനായ ഡ്രൈവര്‍ക്കു സമര്‍പ്പിക്കുകയാണെന്നാണ് രജനി പറഞ്ഞത്. സിനിമയിലെത്തുന്നതിന് മുമ്പ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്തെ ഉറ്റ സുഹൃത്തായിരുന്ന ഡ്രൈവര്‍ രാജ് ബഹദൂറിനാണ് രജനി പുരസ്‌കാരം സമര്‍പ്പിച്ചത്.
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിലെ ഡ്രൈവറായിരുന്ന രാജ് ബഹദൂറാണ് തന്റെയുള്ളിലെ നടനെ കണ്ടെത്തുന്നത്. അദ്ദേഹമാണ്
സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിര്‍ദേശിച്ചത് എന്നും താരം പറഞ്ഞു. കൂടാതെ തന്റെ ആദ്യചിത്രമായ അപൂര്‍വരാഗങ്ങളുടെ സംവിധായകന്‍ കെ. ബാലചന്ദറിനും സഹോദരന്‍ സത്യനാരായണ റാവുവിനും തന്റെ എല്ലാ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും ആരാധകര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത് പറഞ്ഞു.
ഭാര്യ ലത, മകള്‍ ഐശ്വര്യ, മരുമകന്‍ ധനുഷ് എന്നിവര്‍ക്കൊപ്പമാണ് രജനി പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത്.
ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. മകളുടെ ഭര്‍ത്താവായ ധനുഷും അവാര്‍ഡിന് അര്‍ഹനായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ധനുഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.