മലയാള സിനിമ പ്രേമികള്‍ വന്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയ്ക്ക് വേണ്ടി. നാഷ്ണല്‍ അവാര്‍ഡ് കൂടി നേടിയതോടെ ചിത്രത്തിലുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നു.
മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടു പോവുകയായിരുന്നു. റിലീസ് നീണ്ടു പോയതോടെ ചിത്രം ഒടിടിയില്‍ എത്തുമെന്ന പ്രചരണം നടന്നിരുന്നു.
എന്നാല്‍ ചിത്രം തീയറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും മരക്കാര്‍ തീയറ്ററില്‍ കാണേണ്ട ചിത്രമാണെന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ഇത് സിനിമ പ്രേമികള്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമ പ്രേമികള്‍ക്ക് നിരാശ നല്കുന്ന വാര്‍ത്തയാണ് എത്തുന്നത്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസിന് പരിഗണിക്കുന്നുവെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പറഞ്ഞത്.
തിയേറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ആമസോണ്‍ പ്രൈമും ആയി ചര്‍ച്ച നടത്തിയെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.
തീയറ്റര്‍ 50% സീറ്റിങ് കപ്പാസിറ്റി വച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താല്‍ ലാഭകരമാകുമോ എന്ന ആശങ്കയുള്ളതിനാലാണ് ചിത്രം ആമസോണിന് കൈമാറാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
എന്തായാലും റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ ഉടനെ തന്നെ 100% കപ്പാസിറ്റിയില്‍ തീയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കാന് സാധ്യതയില്ല. അതിനാല്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനാണ് സാധ്യത കൂടുതല്‍.