സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയതോടെ ചിത്രത്തിന് മുകളിലുള്ള ആരാധകരുടെ പ്രതീക്ഷ വര്‍ധിക്കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി റീലീസിനായി കാത്തിരിക്കുകയാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ അടഞ്ഞ് കിടന്നതോടെ ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു. എന്നാല്‍ തീയറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചിത്രം ഉടനെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമ പ്രേമികള്‍.
എന്നാല്‍ ഇതിനിടയില്‍ റിലീസുമായി ബന്ധപ്പെട്ട നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തീയറ്റര്‍ ഉടമകളുമായി തര്‍ക്കം ഉയര്‍ന്നിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് നീണ്ടു പോയതോടെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. എന്നാല്‍ തീയറ്ററില്‍ കാണേണ്ട ചിത്രമാണെന്നും ഒടിടിയില്‍ റിലീസ് ഇല്ലെന്നുമായിരുന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും, സംവിധായകന്‍ പ്രിയദര്‍ശനും, നടന്‍ മോഹന്‍ലാലും അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.ചിത്രത്തിന്റെ റിലീസ് ഇനിയും നീട്ടികൊണ്ട് പോകാന്‍ കഴിയില്ല. ആമസോണുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ഇതിന് പിന്നാലെ തീയറ്റര്‍ ഉടമകള്‍ ആന്റണി പെരുമ്പാവൂരിന് എതിരെ രംഗത്ത് വന്നിരുന്നു.
ആന്റണി പെരുമ്പാവൂര്‍ ചതിച്ചുവെന്നായിരുന്നു തീയറ്റര്‍ ഉടമകളുടെ സംഘടന പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. 200 തിയറ്ററുകള്‍ റിലീസിന് നല്‍കാമെന്നു പറഞ്ഞ തിയറ്ററുകാര്‍ ഇപ്പോള്‍ 86 എണ്ണം മാത്രമാണ് കൊടുക്കാന്‍ തയാറാകുന്നതെന്നും അതു കൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ഒടിടി റിലീസിനെക്കുറിച്ച് ചിന്തിക്കുന്നതെന്നുമാണ് നിര്‍മാതാക്കളുടെ സംഘടന പറഞ്ഞത്.
വാക്കു മാറ്റിയത് തിയറ്റര്‍ ഉടമകളാണെന്നും അതെങ്ങനെ ആന്റണി പെരുമ്പാവൂരിന്റെ കുറ്റമാകുമെന്നും ഇവര്‍ ചോദിച്ചു. വാര്‍ത്ത സമ്മേളനത്തിലായിരുന്നു സംഘടന ഇക്കാര്യം പറഞ്ഞത്. ആദ്യം വാക്ക് മാറ്റിയത് തിയറ്ററുകാരാണ്. 200 തിയറ്റര്‍ കൊടുക്കാമെന്നു പറഞ്ഞിട്ട് ഒടുവില്‍ 86 എണ്ണം മാത്രമാണ് കരാറാക്കിയത്. അത് ആന്റണി പെരുമ്പാവൂരിന്റെ കുറ്റമല്ലെന്നും ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
മറ്റുള്ള സിനിമകള്‍ ഒടിടിയില്‍ പോകുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ലേ. ഈ സിനിമ ഒടിടി പോയാല്‍ അതു വിവാദമാക്കേണ്ട കാര്യം എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ സിനിമ വര്‍ഷങ്ങള്‍ കഴിഞ്ഞ് റിലീസ് ചെയ്താല്‍ മതിയെന്നാണോ എല്ലാവരുടെയും ആഗ്രഹം. തിയറ്റര്‍ റിലീസിനു വേണ്ടി കാത്തിരുന്നയാളാണ് അദ്ദേഹം.’ എന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
ചിത്രം ഒടിടിയില്‍ റിലീസ് ചെയ്താല്‍ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയ പണം ആന്റണി പെരുമ്പാവൂര്‍ തിരികേ നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. പണം വച്ച് വില പേശുന്നത് ശരിയല്ലെന്നും ,ആന്റണിയുടെ 38 സിനിമകളില്‍ നിന്നുള്ള ലാഭം തിയറ്ററുകാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. മരക്കാര്‍ വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
Leave a Reply