മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിച്ച് വിസ്മയിപ്പിച്ച കഥാപാത്രമാണ് നന്ദഗോപാല്‍ മാരാര്‍. കഴിഞ്ഞ ദിവസം നന്ദഗോപാല്‍ മാരാരുടെ ഡബ് മാഷ് ചെയ്ത് ഒരു മിടുക്കി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ആവര്‍ത്തന എന്ന കൊച്ചു മിടുക്കിയായിരുന്നു നന്ദഗോപാല്‍ മാരാരുടെ ഡബ് മാഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.
നരസിംഹം സിനിമയിലെ നന്ദഗോപാല്‍ മാരാരുടെ കോടതി രംഗമാണ് ഏഴു വയസുകാരിയായ ആവര്‍ത്തന ഡബ്സ്മാഷ് ചെയ്തത്. മമ്മൂട്ടിയുടെ കഠികട്ടി ഇംഗ്ലീഷ് ഡയലോഗ് അനായാസമായാണ് കുട്ടി താരം അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആവര്‍ത്തന വീഡിയോ പങ്കുവച്ചത്.
ഈ വീഡിയോ വൈറലാവുകയായിരുന്നു.ആവര്‍ത്തനയുടെ ഡബ് മാഷിനെ പ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്ത് വന്നത്. ഇതിന് ഇപ്പോള്‍ ആവര്‍ത്തനയെ തേടി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രശംസ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ശബ്ദസന്ദേശമാണ് ആവര്‍ത്തനയെ തേടി എത്തിയത്.
നല്ല നടിയായി മാറണമെന്ന് സന്ദേശത്തില്‍ മമ്മൂട്ടി പറഞ്ഞു. ‘ആവര്‍ത്തന വളരെ നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും ആവര്‍ത്തിക്കാം. സ്വന്തമായും നല്ല അഭിനയം കാഴ്ചവെക്കണം. നല്ല ഒരു നടിയായി മാറട്ടെ. അതിനുള്ളില്‍ പഠിത്തമൊക്കെ പാസ്സായി അഭിനയം അല്ലാതെ മറ്റൊരു തൊഴില്‍ കണ്ടെത്തുക. അതിനു ശേഷം അഭിനയം തൊഴിലാക്കുക’,- എന്നായിരുന്നു മമ്മൂട്ടി ശബ്ദ സന്ദേശത്തില്‍ പറഞ്ഞത്. ആവര്‍ത്തന തന്നെയാണ് മമ്മൂട്ടിയുടെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
അതേസമയം ഇത് ആദ്യമായിട്ടല്ല ആവര്‍ത്തനയുടെ ഡബ് മാഷുകള്‍ ശ്രദ്ധ നേടുന്നത്. കെ.കെ ശൈലജയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം ഡബ്സ്മാഷ് ചെയ്താണ് ഈ കുഞ്ഞ് മിടുക്കി വൈറലായത്. പാലക്കാട് സ്വദേശിനിയായ ആവര്‍ത്തന ടിക് ടോക്കിലൂടെയാണ് വൈറലാവുന്നത്.