മാജിക്കിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് സ്വന്തമാക്കി മലയാളിയായ ഡോ ടിജോ വര്‍ഗീസ്. തായ്ലന്റിലെ ബാങ്കോക്ക് ഇന്റര്‍നാഷനല്‍ മാജിക് കാര്‍ണിവലില്‍ നടന്ന പ്രകടനത്തില്‍ ആണ് മാജിക്കിലെ ഏറ്റവും വലിയ പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡ് ഡോ ടിജോ വര്‍ഗീസ് സ്വന്തമാക്കിയത്.
ആയിരത്തി അഞ്ഞൂറ് മജീഷ്യന്‍മാരുടെ പ്രകടനത്തില്‍ നിന്നാണ് ഡോ ടിജോ വര്‍ഗീസ് പുരസ്‌കാരം നേടിയത്. ഇന്റര്‍ നാഷനല്‍ മജീഷ്യന്‍ സൊസൈറ്റി പ്രസിഡന്റ് ടോണി ഹാസിനിയാണ് ഡോ ടിജോ വര്‍ഗീസിന് അവാര്‍ഡ് സമ്മാനിച്ചത്. മെര്‍ലിന്‍ അവാര്‍ഡ് നേടിയതോടെ
ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാളിയായി മാറിയിരിക്കുകയാണ് ഡോ ടിജോ വര്‍ഗീസ്.
ഇതിന് മുന്നേ ഈ നേട്ടം സ്വന്തമാക്കിയ മലയാളികള്‍ ഗോപിനാഥ് മുതുകാട് , സാമ്രാജ് എന്നിവരാണ്. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.
പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളാണ് മാജിക്കിലെ മികവില്‍ ടിജോയെ തേടി എത്തിയിരിക്കുന്നത്.അമേരിക്ക, യു.കെ, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇതിനകം മാജിക് ഷോ നടത്തിയ ടിജോ നാന്നൂറിലധികം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇതില്‍ നൂറ്റി ഇരുപത്തിയഞ്ച് എണ്ണവും റെക്കോര്‍ഡ് നേട്ടമാണ് എന്നതാണ് ശ്രദ്ധേയം. കണ്ണ് കെട്ടിയുള്ള നാലര മണിക്കൂര്‍ മാജിക് പ്രകടനം സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തന്നെ ഭേദിച്ചായിരുന്നു.
മജീഷ്യന്‍ ജോണ്‍സണ്‍, സൂപ്പര്‍ ശെല്‍വന്‍, മജീഷ്യന്‍ സാരംഗ്, മജീഷ്യന്‍ യോന എന്നിവരാണ് ഡോ ടിജോ വര്‍ഗീസിന്റെ പ്രധാനപ്പെട്ട ഗുരുക്കന്മാര്‍. മജീഷ്യനെ കൂടാതെ മെന്റലിസ്റ്റ് എന്ന നിലയിലും 15 വര്‍ഷമായി ശ്രദ്ധേയനാണ് ഡോ ടിജോ വര്‍ഗീസ്.
കോട്ടയം തിരുവല്ല സ്വദേശിയാണ് ഡോ ടിജോ വര്‍ഗീസ്. കോട്ടയം തിരുവല്ല കാവും ഭാഗം തൈപറമ്പില്‍ വര്‍ഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കള്‍ . പിങ്കി വര്‍ഗീസ് ആണ് ഭാര്യ. കേറ്റ് ലിന്‍ മറിയം വര്‍ഗീസ്, കെലന്‍ ഗീവര്‍ഗീസ് എന്നിവരാണ് മക്കള്‍
Leave a Reply