മലയാളത്തിലെ യുവനടന്മാരില്‍ ഏറേ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക് ആരാധകര്‍ എന്നും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.
അത്തരത്തില്‍ മലയാള സിനിമ പ്രേമികളും ദുല്‍ഖര്‍ ആരാധകരും കാത്തിരുന്ന വാര്‍ത്തയായിരുന്നു കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസിനായി. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇപ്പോള്‍ കുറുപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. നീണ്ട ഒരു കുറിപ്പ് പങ്കുവച്ചായിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചത്.
നവംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കൂട്ടില്‍ നിന്നും കുറുപ്പ് പുറത്ത് വരികയാണെന്നും തിയറ്ററുകളിലേക്കാണ് ആ വരവെന്നും താരം കുറിച്ചു.
നിങ്ങളുടെ പിന്തുണയും നിരന്തരമായ ആവശ്യങ്ങളും കൊണ്ടുമാത്രമാണ് കുറുപ്പ് തിയേറ്ററുകളിലേക്കത്തുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.നേരത്തെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ എത്തുന്നത്.