ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും കാമുകന് വിഘ്നേഷ് ശിവന്റെയും പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 94ാമത് അക്കാദമി അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നയന്‍താരയും കാമുകന് വിഘ്നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം.
പി എസ് വിനോദ്രാജ് എന്ന നവാഗത സംവിധായകന് ഒരുക്കിയ ‘കൂഴങ്കള്‍’ എന്ന ചിത്രമാണ് ഓസ്കറില് ഇന്ത്യയെ പ്രതിനിധീകരിക്കുക. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന് വേലുവിന്റെയും ജീവിതത്തിലേക്കാണ് കൂഴങ്കള്‍ ക്യാമറ തിരിക്കുന്നത്.
വീടുവിട്ട് പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാനായുള്ള യാത്രയിലാണ് ഗണപതിയും മകനും. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം. സെലക്ഷന് ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരത്തിന് ചിത്രം മത്സരിക്കും.
സംവിധായകന് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായ ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന് കമ്മിറ്റിയാണ് ചിത്രത്തെ തെരഞ്ഞെടുത്തത്.