പ്രണവ് നായകനാകുന്ന ഹൃദയത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; മോഹന്‍ലാലും പ്രണവും തീയറ്ററില്‍ ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയം. ചിത്രത്തിന്റെ ആദ്യ പാട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ദര്‍ശന എന്ന പാട്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പാട്ട് എത്തിയതോടെ ചിത്രത്തിലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുകയും ചെയ്തിരുന്നു.

സിനിമ എപ്പോള്‍ കാണാന്‍ പറ്റുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് മലയാളി പ്രേക്ഷകര്‍ ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്. ‘ഹൃദയം’ 2022 ജനുവരി 21ന് തിയറ്ററുകളിലെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.

തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം മാറിയതോടെയാണ് ‘ഹൃദയം’ നിര്‍മാതാക്കളായ മെറിലാന്‍ഡ് സിനിമാസ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡിന്റെ ആദ്യ ചിത്രമാണ് ഹൃദയം.

ഹൃദയത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം എന്നിവര്‍ നിര്‍വഹിക്കുന്നു.

അതേസമയം മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 10 എത്തും. റീലിസ് തീയതി പ്രഖ്യാപിച്ചതോടെ അച്ഛനും മകനും തീയറ്ററില്‍ ഏറ്റുമുട്ടുമോ എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്.