അഞ്ജലിയായി മറ്റൊരു നടി; സാന്ത്വനത്തില്‍ നിന്നും പിന്മാറുകയാണോയെന്ന് തുറന്ന് പറഞ്ഞ് ഗോപിക അനില്‍

ഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കും മലയാളം ടെലിവിഷന്‍ സീരിയലുകളോട് ഒരു ഇഷ്ടക്കുറവുണ്ടാകും. എന്നാല്‍ ചെറുപ്പക്കാരെ പോലും ആരാധകരാക്കി മാറ്റിയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പ്രായവ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്.

തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. അതില്‍ ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമുള്ള കഥാപാത്രമാണ് അഞ്ജലി.

അഞ്ജലിയുടെ കുസൃതിയും കുറുമ്പും ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അഞ്ജലി എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറേയാണ്. പരമ്പരയില്‍ അഞ്ജലിയെ അവതരിപ്പിക്കുന്നത് ഗോപികന അനിലാണ്. ഗോപികയ്ക്കും ആരാധകര്‍ ഏറെയാണ്.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോപിക പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ചില യൂട്യൂബ് ചാനലുകള്‍ അത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഗോപിക.

നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വാര്‍ത്തകളോട് താരം പ്രതികരിച്ചത്. സാന്ത്വനത്തില്‍ നിന്ന് താന്‍ പോകില്ലെന്നാണ് ഗോപിക പറയുന്നത്. സീരിയല്‍ അവസാനിക്കുന്നതുവരെ അഞ്ജലിയായി തുടരുമെന്നും, തന്നെ പറഞ്ഞുവിട്ടാലും പോകില്ലെന്നും ഗോപിക പറഞ്ഞു.

ഗോപികയ്ക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ്, ഇത്തരം വാര്‍ത്തകള്‍ ഇനിയെങ്കിലും പടച്ചുവിടരുതെന്നും യൂട്യൂബ് ചാനലുകളോട് അനു ജോസഫും പറഞ്ഞു. അതേസമയം ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഗോപികയുടെ വെളിപ്പെടുത്തല്‍.അഞ്ജലിയായി ഗോപിക ഇനിയും ഉണ്ടാകുമെന്നത് ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്.