ചെന്നൈ: തമിഴിലെ എക്കാലത്തേയും മികച്ച കോമഡിയന്മാരില് ഒരാളായിരുന്നു വിവേക്. 1987 മനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച വിവേക് 200ല്‍ അധികം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. നിരവധി തവണ തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കോമഡി താരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. കോമഡി താരത്തിനെ കൂടാതെ മികച്ച ഒരു നടനാണ് താന്‍ എന്നും വിവേക് തെളിയിച്ചിട്ടുണ്ട്.
സിനിമയില്‍ സജീവമായി നില്ക്കുന്നതിനിടയില് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വിവേകിന്റെ മരണം. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ വാര്‍ത്ത കേട്ടത്. കോവിഡ് വാക്സിന് സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അദ്ദേഹം മരണപ്പെടുകയായിരുന്നു.
ഇതോടെ വിവേകിന്റെ മരണത്തിന് കാരണം കൊവിഡ് വാക്സിന് എടുത്തതാണെന്ന തരത്തില്‍ വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോവിഡ് വാക്സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നായിരുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇതേ തുടര്‍ന്ന് വിവേകിന്റെ മരണ കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിലാണ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയത്. മരണത്തിന് വാക്സിനുമായി ബന്ധമില്ലെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പാണ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയത്. വാക്സിന് സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്കി.