പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ചിത്രമാണ് അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ. ആഷിക് അബു വാരിയംകുന്നന് എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മലബാര്‍ കലാപം പ്രമേയമാക്കി ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം അലി അക്ബര്‍ പ്രഖ്യാപിച്ചത്.
സിനിമയ്ക്ക് വേണ്ടി മമധര്‍മ്മ എന്ന പേരില്‍ ക്രഡ് ഫണ്ടിങ് രൂപീകരിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് എതിരെ ട്രോള്‍ ഉയരാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ട്രോളിന് ഇരയാകുന്നത് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ്.
വയനാട്ടില്‍ നടന്ന ഷൂട്ടിങിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അലി അക്ബര്‍ പങ്കുവച്ചിരുന്നു.
ഇതില്‍ ഏറ്റുമുട്ടല്‍ രംഗത്തില്‍ ഉപയോഗിക്കാന്‍ സിനിമയ്ക്കായി നിര്‍മിച്ച ‘യുദ്ധടാങ്കറാണ്’ ട്രോള്‍ പേജുകളില്‍ നിറയുന്നത്.
‘ഇതെന്താ പെട്ടിക്കടയോ’, എന്നാണ് അലി അക്ബറിന്റെ യുദ്ധ ടാങ്കര്‍ കണ്ട് ട്രോളന്മാര് ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പുകളില്‍ നിറയെ ട്രോള്‍ മഴയാണ്.
ട്രോളന്മാര് തേച്ച് ഒട്ടിക്കുകയാണ് അലി അക്ബറിന്റെ യുദ്ധ ടാങ്കറിനെ. അതേസമയം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായും ചിത്രം റിലീസിനു തയാറെടുക്കുകയാണെന്നും അലി അക്ബര്‍ പറയുന്നു. അതേസമയം സിനിമയ്ക്ക് എതിരെ ഉയരുന്ന ട്രോളുകളോട് സംവിധായകന് നേരത്തെ പ്രതികരിച്ചിരുന്നു.
80 കോടിക്ക് പലരും ചെയ്യാനിരുന്ന സിനിമ രണ്ടു കോടിക്ക് താഴെ ഞാന്‍ ചെയ്തു തീര്‍ത്തതിന്റെ അസൂയയാണ് പലര്‍ക്കെന്നുമാണ് അലി അക്ബര്‍ പറഞ്ഞത്. നടന് തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.